സ്കൂള്‍ മുറ്റത്തെത്തിയ സന്തോഷത്തില്‍ സത്യവും ശിവവും കൂടെ അനന്യയും
സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ വിദ്യാലയ പ്രവേശനം നേടാത്ത കുട്ടികളെ കണ്ടെത്തുവാനായി നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയ കുട്ടികള്‍ ആദ്യമായി സ്കൂളിലെത്തിയതിന്‍റെ അമ്പരപ്പിലും ആഹ്ലാദത്തിലുമാണ്. രായമംഗലം പഞ്ചായത്തില്‍ നടത്തിയ സര്‍വ്വേയില്‍ നെല്ലിമോളം ജംഗ്ഷനിലുള്ള ഒറ്റമുറി വാടകക്കെട്ടിടത്തില്‍ താമസിക്കുന്ന മധ്യപ്രദേശ് ശിവപുരം ജില്ലക്കാരായ മഹേഷ് ശശി ദമ്പതിമാരുടെ മക്കള്‍ 10 വയസ്സുകാരനായ ശിവം 6 വയസ്സുള്ള സത്യം, മുകേഷ് ബബ്ലി ദമ്പതിമാരുടെ മകള്‍ 3 വയസ്സുകാരി അനന്യ എന്നിവരെയാണ് പുല്ലുവഴി ഗവ.എല്‍.പി സ്കൂളില്‍ പ്രവേശിപ്പിച്ചത്. വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ കുട്ടികളെ അവരുടെ പ്രായത്തിനനുസരിച്ചുള്ള ക്ലാസ്സുകളിലാണ് പ്രവേശിപ്പിച്ചത്. ഇനി മുതല്‍ ശിവം നാലാം ക്ലാസ്സിലും സത്യം ഒന്നാം ക്ലാസ്സിലും അനന്യ പ്രീപ്രൈമറി വിഭാഗത്തിലും വിദ്യാര്‍ത്ഥികളായെത്തും. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടെ താമസക്കാരായിരുന്നുവെങ്കിലും കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ എസ്.സന്തോഷ്കുമാര്‍ കുട്ടികള്‍ക്ക് യൂണിഫോം നല്‍കി സ്വീകരിച്ചു. ഇവര്‍ക്ക് മറ്റ് കുട്ടികളെപ്പോലെ എല്ലാ പഠനസൗകര്യങ്ങളുമൊരുക്കുമെന്ന് ഹെഡ്മിസ്ട്രസ് ഇ.സാജിത, പി.ടി.എ പ്രസിഡന്‍റ് ജോണി വര്‍ഗ്ഗീസ് എന്നിവര്‍ പറഞ്ഞു. എസ്.എസ്.എ യുടെ സ്കൂള്‍ ചലേ ഹം പദ്ധതിയുടെ ഭാഗമായി വിദ്യാലയ പ്രവേശനം നേടാത്തവരേയും കൊഴിഞ്ഞു പോയവരേയും കണ്ടെത്തി സ്കൂളില്‍ ചേര്‍ക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇത്തരത്തില്‍ പ്രവേശിപ്പിക്കുന്ന കുട്ടികള്‍ക്ക് ഭാഷാപരമായ പരിമിതികള്‍ മറികടക്കാന്‍ വിദ്യാഭ്യാസ വോളന്‍റിയര്‍മാരെ നിയമിക്കും. കൂവപ്പടി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ സര്‍വ്വേ രണ്ടാഴ്ച പിന്നിടുമ്പോള്‍ 30 കുട്ടികളെ കണ്ടത്തിക്കഴിഞ്ഞു. ഇവരെയെല്ലാം ഉടന്‍ സമീപ വിദ്യാലയങ്ങളില്‍ പ്രവേശിപ്പിക്കും. പരിപാടികള്‍ക്ക് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ആരിഫ കെ.എം., ട്രെയിനര്‍ എ.എം.ശോശാമ്മ, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ധീര.എം.ജെ., എം.ഐ.എസ്. കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് അനീസ്.എ.എ. എന്നിവര്‍ നേതൃത്വം നല്‍കി. പ്രവേശനം നേടാത്ത കുട്ടികളെ കണ്ടെത്തുന്നവര്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററില്‍ അറിയിക്കണമെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ആരിഫ കെ.എം അറിയിച്ചു. ഫോണ്‍:0484-2659361, 9496627370.
![]()





അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ